ജോസ് കെ മാണി വിഭാഗത്തിന്റെ കടന്നുവരവ് എൽഡിഎഫിന് ഗുണം ചെയ്തില്ല; കാനം രാജേന്ദ്രൻ

തിരുവനന്തപുരം: യുഡിഎഫ് വിട്ട് ഇടതുമുന്നണിയിൽ ചേരാനുള്ള തീരുമാനം ജോസ് പക്ഷത്തിന് ഗുണം ചെയ്തിട്ടുണ്ടാകാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് (എം) വിഭാഗത്തിന്റെ കടന്നുവരവ് എൽഡിഎഫിന് ഗുണം ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തേക്ക് എത്താനുള്ള കേരളാ കോൺഗ്രസ് എമ്മിന്റെ തീരുമാനം യുഡിഎഫിനെ ക്ഷയിപ്പിച്ചു എന്ന കാര്യം വസ്തുതയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി, മൂവാറ്റുപുഴ എന്നിവടങ്ങളിലെ തോൽവി സംബന്ധിച്ച് പരിശോധന നടത്തി തിരുത്തൽ വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെയും കേരളാ കോൺഗ്രസ് (എം) വിഭാഗത്തിനെതിരെ സിപിഎം രംഗത്തെത്തിയിരുന്നു. ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ എത്തിയെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ മുന്നണിക്കായില്ല എന്ന തരത്തിലുള്ള പരാമർശങ്ങളാണ് നേരത്തെ സിപിഐയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതിന്റെ തുടർച്ചയായാണ് കാനം രാജേന്ദ്രന്റെ പ്രതികരണം.

ജോസ് പക്ഷത്തിന്റെ മുന്നണിമാറ്റത്തെ മികച്ച തീരുമാനമായിട്ടാണ് സിപിഎം വിലയിരുത്തുന്നത്. പാലായിലടക്കം സംഭവിച്ച തോൽവിയിൽ സിപിഎമ്മിനെതിരെ കേരളാ കോൺഗ്രസ് (എം) ആരോപണം ഉന്നയിക്കുന്നുണ്ട്. പാർട്ടി ചെയർമാൻ കൂടിയായ ജോസ് കെ മാണി പാലായിൽ മാണി സി കാപ്പനെതിരെ പരാജയപ്പെടാൻ കാരണം ഒരു വിഭാഗത്തിന്റെ കാലുവാരൽ ആണെന്ന നിലപാടാണ് ജോസ് പക്ഷത്തിനുള്ളതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം കേരളാ പോലീസിൽ ആർഎസ്എസ് ഗ്യാങ്ങ് പ്രവർത്തിക്കുന്നുണ്ടെന്ന ആനി രാജയുടെ പ്രസ്താവനയെ പിന്തുണച്ച് പ്രതികരണം നടത്തിയ ഡി രാജയെയും കാനം രാജേന്ദ്രൻ പിന്തള്ളി. ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനത്തിന്റെ ലംഘനമാണ് ആനി രാജ നടത്തിയത്. കേരളവും ഉത്തർപ്രദേശും ഒരു പോലെയല്ലെന്നും ജനറൽ സെക്രട്ടറിയുടെ ഭാഗത്ത് കുഴപ്പമുണ്ടെങ്കിൽ വിമർശനം നടത്താമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കൗൺസിലിലെ ചർച്ചയുടെ വികാരം ജനറൽ സെക്രട്ടറിയെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.