കരിപ്പൂർ വിമാനപകടം ഉണ്ടായത് പൈലറ്റിന്റെ പിഴവ് മൂലം; നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

കോഴിക്കോട്: കരിപ്പൂർ വിമാനപകടം ഉണ്ടായത് പൈലറ്റിന്റെ പിഴവ് മൂലമെന്ന് അന്വേഷണ റിപ്പോർട്ട്. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എയർക്രാഫ്റ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചു.

റൺവെയുടെ പകുതി കഴിഞ്ഞ്, സുരക്ഷാ മേഖലയും കഴിഞ്ഞ ശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. മുന്നറിയിപ്പുകൾ നൽകിയിട്ടും വിമാനം അമിത വേഗത്തിൽ മുന്നോട്ട് പോയെന്നാണ് റിപ്പോർട്ടിൽ വിശദമാക്കുന്നത്. പൈലറ്റിന് ഗോ എറൗണ്ട് നിർദ്ദേശം ഉണ്ടായിരുന്നിട്ടും അത് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും റിപ്പോർട്ടിലുണ്ട്.

വിമാനത്തിന്റെ ഇരുവശങ്ങളിലെ ടാങ്കുകളിൽ നിന്നും ഇന്ധന ചോർച്ചയുണ്ടായി. എന്നാൽ ആഘാത്തിന് ശേഷം തീപിടിത്തമുണ്ടാകാനുളള സാധ്യത ഉണ്ടായിരുന്നില്ലെന്നും വിമാനത്തിൽ സാങ്കേതിക പിഴവും തള്ളിക്കളയാനാവില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.