കേരളം കടബാധ്യതയിലും നമ്പര്‍ വണ്‍, അഭ്യസ്തവിദ്യരായ 43 ശതമാനം യുവജനങ്ങളും തൊഴില്‍ രഹിതര്‍ !

കൊവിഡ് പിടിമുറുക്കിയതോടെ കേരളത്തിലെ യുവജനങ്ങള്‍ തൊഴില്‍ രഹിതരും വന്‍കടബാധിതരുമായെന്ന് റിപ്പോര്‍ട്ട്. 18നും 29നും ഇടയ്ക്ക് പ്രായമുള്ളവരില്‍ കോവിഡിനുമുമ്പ് 2019 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 36.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. 2020-ല്‍ ഇതേകാലത്ത് 43 ശതമാനത്തിലെത്തി. ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ (എന്‍.എസ്.എസ്.ഒ.) പിരിയോഡിക് ലേബര്‍ഫോഴ്‌സ് സര്‍വേയുടെ 2020 ഒക്ടോബര്‍-ഡിസംബര്‍ കാലത്തെ ഫലമാണിത്.

18-29 വിഭാഗത്തില്‍ യുവതികളാണ് രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നത്, 55.7 ശതമാനം. യുവാക്കളില്‍ 37.1 ശതമാനം. തൊഴില്‍ ചെയ്യാന്‍ സന്നദ്ധമായിട്ടും ആഴ്ചയില്‍ ഒരുദിവസം ഒരുമണിക്കൂര്‍പോലും തൊഴിലെടുക്കാത്ത അഭ്യസ്തവിദ്യരെയാണ് ഈ സര്‍വേ തൊഴിലില്ലാത്തവരായി പരിഗണിക്കുന്നത്. 2020 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ എല്ലാ പ്രായവിഭാഗങ്ങളിലുമായി കേരളത്തിലെ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ 16.7 ശതമാനത്തിലെത്തി. കോവിഡിന്റെ ഒന്നാംതരംഗത്തില്‍ ഇത് 27.3 ശതമാനംവരെ കുതിച്ചുയര്‍ന്നെങ്കിലും ഇപ്പോള്‍ കാര്യമായ കുറവുണ്ട്.

തൊഴില്‍ ഇല്ലായ്മയ്ക്ക് പുറമെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ളതും മലയാളികള്‍ക്കാണ്. ആസ്തിമൂല്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളിലുള്ളവരെക്കാള്‍ കടബാധ്യത കേരളത്തിലുള്ളവര്‍ക്കാണ്. ഇതരസംസ്ഥാനങ്ങളില്‍ നഗരമേഖലയിലുള്ളവര്‍ക്കാണ് കൂടുതല്‍ കടബാധ്യത. കേരളത്തിലാവട്ടെ ഗ്രാമീണമേഖലയിലുള്ളവര്‍ക്കും.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കഴിഞ്ഞദിവസം പുറത്തിറക്കിയ ദേശീയ കടം-നിക്ഷേപ സര്‍വേഫലത്തിലാണ് ഇക്കാര്യങ്ങളുള്ളത്. കേരളത്തില്‍ ഗ്രാമീണമേഖലയില്‍ 2.41 ലക്ഷം രൂപയും നഗരപ്രദേശങ്ങളില്‍ 2.33 ലക്ഷം രൂപയുമാണ് കുടുംബത്തിന്റെ ശരാശരി കടം. അതേസമയം, ഗ്രാമീണകുടുംബത്തിന്റെ ശരാശരി ആസ്തിമൂല്യം 24.78 ലക്ഷം രൂപയും നഗരകുടുംബത്തിന്റേത് 32.12 ലക്ഷം രൂപയുമാണ്. ആസ്തിമൂല്യത്തില്‍ പഞ്ചാബിനും ഹരിയാണയ്ക്കും പിന്നില്‍ മൂന്നാമതാണ് കേരളമെങ്കിലും കടബാധ്യതയുടെ കാര്യത്തില്‍ ഒന്നാമതാണ്.