നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച; പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ വിമർശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്.

ബിഹാർ, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിലെ അറസ്റ്റുകൾ, നീറ്റ് പരീക്ഷാ പ്രക്രിയയിൽ ആസൂത്രിതവും സംഘടിതവുമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ചോദ്യപേപ്പർ ചോർച്ചയുടെ പ്രഭവകേന്ദ്രമായി മാറി. 24 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാകുന്ന വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. തങ്ങളുടെ പ്രകടനപത്രികയിൽ, ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശനമായ നിയമങ്ങൾ കൊണ്ടുവന്ന് യുവതയുടെ ഭാവി സംരക്ഷിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. പ്രതിപക്ഷമെന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റും. രാജ്യത്തെ യുവതയുടെ ശബ്ദം തെരുവുകൾ മുതൽ പാർലമെന്റ് വരെ ഉയർത്തും. കർശന നയങ്ങൾ വികസിപ്പിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താനും പ്രതിജ്ഞാബദ്ധരാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.