നിയോലിബറൽ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥയാണ് ലഹരി ഉപഭോഗത്തെ ശക്തിപ്പെടുത്തുന്നത്; മുഖ്യമന്ത്രി

തിരുവനന്തപുരം: തീവ്രമായ മത്സരങ്ങൾ നിറഞ്ഞതും കൊടിയ ചൂഷണങ്ങൾ നിറഞ്ഞതുമായ നിയോലിബറൽ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥയാണ് ലഹരി ഉപഭോഗത്തെ ശക്തിപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ചൂഷണ വ്യവസ്ഥയെയും അതടിച്ചേൽപ്പിക്കുന്ന അരക്ഷിത ബോധത്തെയും ഇല്ലാതാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാവർക്കും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കാൻ സാധിക്കുന്ന നാളുകൾ യാഥാർത്ഥ്യമാവട്ടെ. ചൂഷണരഹിതമായ ലോകം യാഥാർഥ്യമാക്കാനുള്ള വിമോചന മുന്നേറ്റങ്ങൾക്ക് ദിശാബോധം പകരുന്നതാകട്ടെ ഈ ലഹരി വിരുദ്ധ ദിനമെന്നും അദ്ദേഹം അറിയിച്ചു.

ലഹരി ഉപഭോഗമെന്ന സാമൂഹിക വിപത്തിനെ പ്രതിരോധിക്കാനുള്ള നടപടികളെ ശക്തിപ്പെടുത്തണമെന്ന സന്ദേശമാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിനം മുന്നോട്ടുവെക്കുന്നത്. ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തിൽ നിരവധി ബോധവൽക്കരണ പരിപാടികൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്. ലഹരി ഉപഭോഗം കുറച്ചുകൊണ്ടുവരാൻ വിമുക്തി, നോ ടു ഡ്രഗ്‌സ് അടക്കമുള്ള വിപുലമായ പ്രചരണ പരിപാടികൾ എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത് നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.