നിങ്ങൾ ഹാപ്പിയല്ലേ; കേരളമൊട്ടാകെ ഹാപ്പിയാക്കാന്‍ വരുന്നു കുടുംബശ്രീ ഹാപ്പിനസ് സെന്ററുകൾ

തിരുവനന്തപുരം: കേരളത്തിലെ ഓരോ കുടുംബത്തെയും സന്തോഷത്തിന്റെ കേന്ദ്രങ്ങളാക്കാൻ തയാറെടുക്കുകയാണ് കുടുംബശ്രീ. ‘ഹാപ്പി കേരളം’ എന്ന ആശയത്തിലൂന്നിയുള്ള ‘ഹാപ്പിനസ് സെന്ററുകളി’ലൂടെ. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായുള്ള എഫ്.എൻ.എച്ച്.ഡബ്ല്യു (ഫുഡ്. ന്യുട്രീഷ്യൻ. ഹെൽത്ത് ആൻഡ് വാഷ്) പ്രവർത്തനങ്ങളോട് അനുബന്ധിച്ച് കേരളത്തിലെ 168 മാതൃകാ സി.ഡി.എസുകളിൽ ഓഗസ്റ്റ് 17ഓട് കൂടി ഹാപ്പിനസ് സെന്ററുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം.

എന്താണ് ഹാപ്പിനസ് സെന്ററുകൾ

സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സമഗ്ര ക്ഷേമവും ഉന്നമനവും ഉറപ്പു വരുത്തി ഓരോ കുടുംബത്തെയും സന്തോഷത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ഹാപ്പിനസ് സെന്ററുകളിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഏറെ നവീനമായ ഈ ആശയം പ്രാവർത്തികമാക്കുന്നതോടെ ഹാപ്പിനസ് ഇൻഡക്സിൽ മുന്നേറാനും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി മാറാനും കേരളത്തിനാകും. തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, കല, സാഹിത്യം, സ്പോർട്സ്, മാനസികാരോഗ്യം, പോഷകാഹാരം, ശുചിത്വം, ജനാധിപത്യ മൂല്യങ്ങൾ തുടങ്ങീ വിവിധ മേഖലകളിൽ ഒരു വ്യക്തിയോ കുടുംബമോ നേരിടുന്ന അപര്യാപ്തതകൾ പരിഹരിച്ച് അവരെ സന്തോഷകരമായ ജീവിതത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളാണ് പദ്ധതിക്കായി ആസൂത്രണം ചെയ്യുന്നത്. കുട്ടികൾ, യുവാക്കൾ, മുതിർന്നവർ, വയോജനങ്ങൾ തുടങ്ങി സമൂഹത്തിലെ ഓരോ വ്യക്തിക്കും സഹായകരമാകുന്ന രീതിയിലായിരിക്കും പദ്ധതി നടത്തിപ്പ്.

പ്രവർത്തനം

ഹാപ്പിനസ് സെന്ററുകൾ സ്ഥാപിക്കുന്ന മാതൃകാ സി.ഡി.എസുകളിലെ കുടുംബങ്ങൾ കേന്ദ്രീകരിച്ച് സർവ്വേ നടത്തുകയും ആ കുടുംബങ്ങളുടെ ഹാപ്പിനസ് ഇൻഡക്സ് ഉയർത്തനാവശ്യമായ സൂക്ഷ്മതല പദ്ധതി തയാറാക്കുകയും ചെയ്യും. ഈ പദ്ധതിയുടെ അടിസ്ഥാനത്തിൽ കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തിനണങ്ങുന്ന സന്തോഷ സൂചിക തയാറാക്കുകയും വിവിധ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തിൽ വിലയിരുത്തൽ നടത്തിയ ശേഷം പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യും.

പദ്ധതി നടത്തിപ്പിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖ്യ പങ്കാളിയാകുന്നതിനോടൊപ്പം ആരോഗ്യം, സാമൂഹ്യനീതി, വനിതാ ശിശുവികസനം, കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, വനം തുടങ്ങി വിവിധ വകുപ്പുകളുമായും കുടുംബശ്രീ സംയോജിക്കും. കൂടാതെ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുമായും ഏകോപിപ്പിക്കും.

പദ്ധതിയുടെ രീതിശാസ്ത്രം, മാർഗരേഖ എന്നിവ തയ്യാറാക്കുന്നതിന്റെ ആശയരൂപീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ജൂൺ 20,21 തീയതികളിൽ ദ്വിദിന ശിൽപ്പശാലയും സംഘടിപ്പിച്ചു. തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, ശുചിത്വം, കലയും സാഹിത്യവും, സ്പോർട്സ്, മാനസികാരോഗ്യം, പോഷകാഹാരം, ജനാധിപത്യ മൂല്യങ്ങൾ തുടങ്ങി വിവിധ മേഖലകളെ അടിസ്ഥാനമാക്കി ഗ്രൂപ്പ് ചർച്ചകൾ സംഘടിപ്പിച്ച് ആശയരൂപീകരണം നടത്തി. ശിൽപ്പശാലയിൽ ലഭിച്ച നിർദേശങ്ങൾ ക്രോഡീകരിച്ച് പ്രവർത്തനരീതിയും മാർഗരേഖയും തയ്യാറാക്കും.

കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ.ബി. ശ്രീജിത്ത് ചർച്ചകൾക്ക് നേതൃത്വം നൽകി. ഡോ. അബ്ബാസ് അലി ടി.കെ, ഡോ. റസീന പദ്മം എം.എസ്, ഡോ. എസ്. ശാന്തി, ഡോ. പീജാ രാജൻ, ഡോ. ഉണ്ണിമോൾ, ഡോ. ശ്രീലേഖ ടി.ജെ, ഡോ. രമേഷ്. കെ, ഡോ. സി. സ്വരാജ്, ഡോ.പി സത്യനേശൻ, സതീഷ് കുമാർ. കെ., രാജീവ്. ആർ, റാഫി. പി, സുനിത എന്നിവർ വിവിധ ആശയങ്ങൾ അവതരിപ്പിച്ചു. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ കൃഷ്ണകുമാരി ആർ സ്വാഗതവും സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ പ്രീത നന്ദിയും പറഞ്ഞു.