പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് മാത്രമായി സംസ്ഥാന സർക്കാർ രണ്ടംഗ കമ്മിഷനെ പുതുതായി നിയമിച്ചത് അനാവശ്യ നടപടിയെന്ന് ലീഗ്

മലപ്പുറം: മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പഠിക്കാൻ സർക്കാർ അന്വേഷണ കമ്മിഷനെ നിയമിച്ചതിനെതിരെ വിമർശനവുമായി മുസ്ലിംലീഗ്. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പഠിക്കാൻ മലപ്പുറത്ത് മാത്രമായി സംസ്ഥാന സർക്കാർ രണ്ടംഗ കമ്മിഷനെ പുതുതായി നിയമിച്ചത് അനാവശ്യ നടപടിയാണെന്നാണ് ലീഗ് മലപ്പുറം ജില്ലാകമ്മിറ്റി വ്യക്തമാക്കുന്നത്. ഈ നടപടി ജില്ലയെ അപമാനിക്കുന്നതാണെന്നാണ് ലീഗിന്റെ കുറ്റപ്പെടുത്തൽ.

വിദ്യാഭ്യാസ മന്ത്രി ഈ വിഷയം മലപ്പുറത്തിന്റെ മാത്രം പ്രശ്നമാക്കി ഒതുക്കാനാണ് ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മലബാറിലെ ആറ് ജില്ലകളിലും ഗൗരവതരമായ പ്രശ്‌നമുണ്ട്. അത് മറച്ചു വെക്കാൻ വിദ്യാഭ്യാസ മന്ത്രിക്കാവില്ല. വിദ്യാഭ്യാസ മന്ത്രി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് കള്ളക്കണക്കുകളാണ്. യഥാർത്ഥത്തിൽ സീറ്റ് കിട്ടാത്തവരുടെ കണക്കുകൾ ഇതിനേക്കാൾ വലുതാണ്. വയനാടും കണ്ണൂരും കോഴിക്കോട്ടുമെല്ലാം പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കാർത്തികേയൻ കമ്മിഷൻ, ലബ്ബ കമ്മിഷൻ റിപ്പോർട്ടുകളെല്ലാം തള്ളിക്കളഞ്ഞ സർക്കാർ വീണ്ടും സമിതിയെ വെച്ചത് കണ്ണിൽപൊടിയിട്ട് രക്ഷപ്പെടാനാണോ എന്ന് സംശയമുണ്ട്. പ്ലസ് വൺ സീറ്റ് ക്ഷാമമുള്ള എല്ലാ ജില്ലകളിലെയും പ്രശ്നം പരിഹരിച്ചേ മതിയാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.