കലാപം രൂക്ഷം; കെനിയയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം

നെയ്‌റോബി: കെനിയയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം. കലാപം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. നിലവിലുള്ള സംഘർഷാവസ്ഥ കണക്കിലെടുത്ത് കെനിയയിലെ എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. പ്രക്ഷോഭ ബാധിത പ്രദേശങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

നികുതി വർധനയ്ക്ക് എതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന കെനിയയിൽ ജനക്കൂട്ടം പാർലമെന്റിന് തീയിട്ടു. കൂറ്റൻ പാർലമെന്റ് മന്ദിരത്തിന്റെ ഒരു ഭാഗം കത്തിനശിച്ചു. പത്തോളം പേർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പാർലമെന്റിലേക്ക് ആയിരക്കണക്കിന് ജനങ്ങൾ ഇരച്ചെത്തിയതോടെ ജനപ്രതിനിധികൾ ഓടിരക്ഷപ്പെട്ടു.

ദേശീയ സുരക്ഷയ്ക്കെതിരായ ഭീഷണികളോട് എങ്ങനെ പ്രതികരിക്കണമെന്നതിൽ നിർണായക വഴിത്തിരിവുണ്ടായിരിക്കുന്നുവെന്ന് പ്രസിഡന്റ് വില്യം റൂട്ടോ വ്യക്തമാക്കി. ഇപ്പോഴത്തെ പ്രക്ഷോഭം രാജ്യദ്രോഹമാണെന്നും എന്ത് വിലകൊടുത്തും അശാന്തി ഇല്ലാതാക്കുമെന്നും പ്രസിഡന്റ് വിശദമാക്കി. പോലീസിനൊപ്പം സൈന്യത്തെ വിന്യസിച്ചതായി കെനിയയുടെ പ്രതിരോധ മന്ത്രിയും അറിയിച്ചു.