ഇരട്ട വിക്ഷേപണമാണ് നടക്കുക; ചന്ദ്രയാൻ 4 ദൗത്യത്തെക്കുറിച്ച് വെളിപ്പെടുത്തി ഐഎസ്ആർഒ മേധാവി

ന്യൂഡൽഹി: ഐഎസ്ആർഒയുടെ ചന്ദ്രയാൻ 4 ദൗത്യത്തെക്കുറിച്ച് വെളിപ്പെടുത്തി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. മുൻ പതിപ്പുകളെ പോലെ ഒറ്റ വിക്ഷേപണമായല്ല, ഇരട്ട വിക്ഷേപണമാണ് ചന്ദ്രയാൻ 4 ദൗത്യത്തിൽ നടക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചന്ദ്രനിൽ നിന്ന് സാമ്പിൾ ശേഖരിക്കുകയെന്ന ലക്ഷ്യവുമായി ആസൂത്രണം ചെയ്യുന്ന ദൗത്യമാണ് ചന്ദ്രയാൻ 4. രണ്ട് ഭാഗങ്ങളായാണ് ചന്ദ്രയാൻ 4 പേടകം വിക്ഷേപിക്കുന്നത്. ശേഷം ബഹിരാകാശത്ത് വെച്ച് ഈ ഭാഗങ്ങൾ തമ്മിൽ യോജിപ്പിക്കുകയും ചന്ദ്രനിലേക്ക് യാത്ര തുടരുകയും ചെയ്യും. ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങൾ ബഹിരാകാശത്ത് വെച്ച് സംയോജിപ്പിക്കുന്ന ഡോക്കിങ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന ജോലികൾ നടക്കുകയാണെന്നും ‘സ്പെഡെക്സ്’ എന്ന പേരിൽ ഈ വർഷം അവസാനത്തോടെ ഈ സാങ്കേതിക വിദ്യ പരീക്ഷിക്കുമെന്നും സോമനാഥ് വിശദമാക്കി.

നേരത്തെ നടത്തിയ ദൗത്യങ്ങളിലൊന്നും തന്നെ ഐഎസ്ആർഒയ്ക്ക് ഡോക്കിങ് നടത്തേണ്ടി വന്നിട്ടില്ല. സ്പെഡ്എക്സിലൂടെ നടത്തുന്ന ഡോക്കിങ് സാങ്കേതിക വിദ്യ പരീക്ഷണം ബഹിരാകാശ നിലയം ഉൾപ്പടെയുള്ള ഭാവി ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യക്ക് പ്രയോജനം ചെയ്യുന്നതാണ്. ഇന്ത്യ ആസൂത്രണം ചെയ്യുന്ന ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്) എന്ന ബഹിരാകാശ നിലയത്തിന്റെ നിർമാണവും വ്യത്യസ്ത ഭാഗങ്ങൾ പലതവണയായി ബഹിരാകാശത്ത് എത്തിച്ച് കൂട്ടിച്ചേർത്തുകൊണ്ടായിരിക്കും. ചന്ദ്രയാൻ 4 പദ്ധതിക്കായുള്ള നിർദേശം സർക്കാരിന്റെ അനുമതിക്കായി നൽകിയിട്ടുണ്ടെന്നും ഐഎസ്ആർഒയുടെ ‘വിഷൻ 47’ ഉദ്യമത്തിന്റെ ഭാഗമായുള്ള നാല് പദ്ധതി നിർദേശങ്ങളിൽ ഒന്നാണിതെന്നും സോമനാഥ് പറഞ്ഞു. 2035 ഓടെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനും ലക്ഷ്യമിട്ടുള്ളതാണ് വിഷൻ 47. ബഹിരാകാശ നിലയ വിക്ഷേപണവുമായി ബന്ധപ്പെട്ട സർക്കാരിന് നൽകാനുള്ള വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന പ്രൊപ്പോസൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.