ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; 137 ഇന്ത്യക്കാർ ശ്രീലങ്കയിൽ അറസ്റ്റിൽ

കൊളംബോ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുസംഘത്തിലെ കണ്ണികളായ ഇന്ത്യക്കാർ ശ്രിലങ്കയിൽ അറസ്റ്റിൽ. 137 ഇന്ത്യക്കാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീലങ്കൻ കുറ്റാന്വേഷണവിഭാഗമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊളംബോയുടെ പ്രാന്തപ്രദേശങ്ങളായ മഡിവേല, ബത്തരമുള്ള, നെഗുംബോ എന്നിവിടങ്ങളിൽ അധികൃതർ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഇത്രയധികം പേർ പിടിയിലാകുന്നത്.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് നിർണായകത്തെളിവുകൾ ലഭിച്ചത് നെഗുംബോയിലെ ആഡംബരവീട്ടിൽ നടത്തിയ തിരച്ചിലിലാണ്. ആദ്യം 13 പേരെയും പിന്നീട് 19 പേരെയും പിടികൂടി. പെരദെനിയയിൽ അച്ഛനും മകനും സംഘത്തെ സഹായിച്ചതായി സമ്മതിച്ചു. തട്ടിപ്പിനിരയായ ആളുടെ പരാതിപ്രകാരമായിരുന്നു അന്വേഷണം നടന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തുന്നതിന് പണം നൽകാമെന്നുപറഞ്ഞാണ് സംഘം തട്ടിപ്പുനടത്തിയത്. വാഗ്ദാനത്തിൽ ആകൃഷ്ടരായി എത്തുന്നവരെ വാട്സാപ്പ് കൂട്ടായ്മയിൽ ചേർക്കും. ആദ്യഘട്ട പ്രതിഫലം നൽകിയശേഷം ഇരകളെ നിക്ഷേപത്തിനായി നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതിയെന്ന് അന്വേഷണസംഘം അറിയിച്ചു. അറസ്റ്റിലായവർ ദുബായ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന അന്താരാഷ്ട്ര തട്ടിപ്പുറാക്കറ്റിലെ കണ്ണികളാണിവരെന്നാണ് സൂചന. നിയമവിരുദ്ധവാതുവെപ്പ്, ചൂതാട്ടം തുടങ്ങിയ മറ്റു സാമ്പത്തിക കുറ്റകൃത്യങ്ങളും സംഘം നടത്തിയതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.