ജർമനിയിൽ പുതിയ പൗരത്വ പരിഷ്‌കാര നിയമം പ്രാബല്യത്തിൽ വന്നു; വിശദാംശങ്ങൾ അറിയാം

ബർലിൻ: ജർമനിയിൽ പുതിയ പൗരത്വ പരിഷ്‌കാര നിയമം പ്രാബല്യത്തിൽ വന്നു. ജർമനിയിൽ താമസിക്കുന്ന വിദേശികൾക്ക് കൂടുതൽ വേഗത്തിലും യഥാർത്ഥ പൗരത്വം ഉപേക്ഷിക്കാതെയും ജർമൻ പൗരത്വം നേടാനാകുമെന്നതാണ് ഇതിന്റെ സവിശേഷത. പൗരത്വം ലഭിക്കാനുള്ള നടപടിക്രമങ്ങളും അതിന്റെ കാലയളവും ലഘൂകരിച്ചാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

2024 ജൂൺ 27 മുതലാണ് ജർമൻ സർക്കാർ ആവിഷ്‌ക്കരിച്ച പുതിയ പൗരത്വ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ വന്നത്. പുതിയ പൗരത്വ നിയമം ജർമനിയിലെ വിദേശികൾക്ക് ഒന്നിലധികം പൗരത്വങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ ജർമൻ പൗരത്വത്തിന് അപേക്ഷിക്കാൻ അനുമതി നൽകുന്നു. ജർമൻ പൗരത്വം നേടുമ്പോൾ സ്വദേശിവൽക്കരണത്തിനുള്ള അപേക്ഷകർ അവരുടെ മുൻ പൗരത്വം ഉപേക്ഷിക്കേണ്ടതില്ല. സ്വദേശിവൽക്കരണ അപേക്ഷകർക്ക് ഇപ്പോൾ ജർമൻ പൗരത്വം കൂടുതൽ വേഗത്തിൽ ലഭിക്കുമെന്നതാണ് പുതിയ നിയമത്തിന്റെ ഏറ്റവും വലിയ സവിശേഷത. ജർമനിയിൽ അഞ്ച് വർഷം നിയമപരമായ താമസത്തിന് ശേഷം വിദേശികൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം. നേരത്തെ് ഇത് എട്ട് വർഷമായിരുന്നു.

പുതിയ നിയമപ്രകാരം, ജർമൻ പൗരന്മാരെ വിവാഹം കഴിച്ച വിദേശികൾക്ക്, ജർമൻ പൗരത്വത്തിന് അപേക്ഷിക്കാനുള്ള കാത്തിരിപ്പ് കാലയളവ് നാല് വർഷമായി കുറച്ചു. മികച്ച തൊഴിൽ പ്രകടനം കാണിക്കുന്ന, സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന, സാമ്പത്തികമായി സ്വയം പിന്തുണയുള്ള, ജർമൻ ഭാഷ ഉയർന്ന പ്രാവീണ്യത്തിൽ സംസാരിക്കുന്ന ആളുകൾക്ക്, സ്വദേശിവൽക്കരണ കാലയളവ് മൂന്ന് വർഷമായി കുറച്ചിട്ടുണ്ട്. ജർമനിയിൽ വിദേശ മാതാപിതാക്കൾക്ക് ജനിച്ച കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെ പൗരത്വം നിലനിർത്തിക്കൊണ്ട് ജർമൻ പൗരത്വം നേടാം. കുറഞ്ഞത് ഒരു രക്ഷകർത്താവെങ്കിലും അഞ്ച് വർഷത്തിലേറെയായി ജർമനിയിൽ നിയമപരമായി താമസിക്കുകയും സ്ഥിരതാമസമുള്ളവരുമാണെങ്കിൽ കുട്ടിക്ക് പൗരത്വം ലഭിക്കും. ജർമൻ പൗരത്വ പരീക്ഷയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.