കേസെടുക്കുന്നത് ഭരിക്കുന്ന പാർട്ടിയാണോയെന്ന് നോക്കിയല്ല; ഇഡി നടപടിയിൽ ഗവർണറുടെ പ്രതികരണം

തിരുവനന്തപുരം: കരുവന്നൂർ കേസിലെ ഇഡി നടപടിയിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേസെടുക്കുന്നത് ഭരിക്കുന്ന പാർട്ടിയാണോയെന്ന് നോക്കിയല്ലെന്ന് അദ്ദേഹം പറഞ്ഞു. നടപടി നിയമലംഘനമുള്ളത് കൊണ്ടാണെന്നും അദ്ദേഹം അറിയിച്ചു.

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎമ്മിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിചേർത്തു. കരുവന്നൂർ ബാങ്കിൽ നിന്നും തട്ടിയെടുത്ത പണം പാർട്ടി കൈപ്പറ്റിയെന്നാണ് ഇഡി വ്യക്തമാക്കുന്നത്. സിപിഎമ്മിന്റേതും സ്വകാര്യ വ്യക്തികളുടേതും ഉൾപ്പെടെ 29.5 കോടി രൂപയുടെ സ്വത്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്

ഇഡി കണ്ടുകെട്ടിയവയിൽ സിപിഎമ്മിന്റെ 76 ലക്ഷത്തോളം രൂപയുടെ സ്വത്തുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. സിപിഎമ്മിന്റേതടക്കം ഒമ്പത് പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പ്രതിചേർക്കപ്പെട്ട മറ്റ് വ്യക്തികൾ അനധികൃതമായി ബാങ്കിൽ നിന്നും പണം സമ്പാദിച്ചവരാണ്.

പാർട്ടിയുടെ എട്ട് അക്കൗണ്ടുകളും പൊറത്തിശ്ശേരി പാർട്ടി കമ്മിറ്റി ഓഫീസ് നിർമിക്കാൻ വാങ്ങിയ ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്. തൃശ്ശൂർ ജില്ലാ സെക്രട്ടറി എന്ന നിലയിൽ എം എം വർഗീസിന്റെ പേരിലാണ് സ്വത്തുക്കൾ.