ഇനിയും ആരെയെങ്കിലും സിപിഎം കൊല്ലാൻ നോക്കിയാൽ അവർക്ക് കോൺഗ്രസ് സംരക്ഷണം നൽകും; കെ സുധാകരൻ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാർട്ടിക്കെതിരെ ശബ്ദിച്ചതിന് ടി പി ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ രീതിയിൽ ഇനിയും ആരെയെങ്കിലും സിപിഎം കൊല്ലാൻ നോക്കിയാൽ അവർക്ക് കോൺഗ്രസ് സംരക്ഷണം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും, പാർട്ടിയും നൽകുന്ന സംരക്ഷണമാണ് കൊലയാളികളുടെ പിൻബലം. പാർട്ടിയിൽ ഉയർന്നുവരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ ടിപി ചന്ദ്രശേഖരൻ മാതൃകയിൽ തീർത്തുകളയാം എന്നാണ് കരുതുന്നതെങ്കിൽ അവർക്ക് സംരക്ഷണം നൽകാനാണ് കോൺഗ്രസിന്റെ തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊന്ന കേസിലെ പ്രതി ആകാശ് തില്ലങ്കേരി വീണ്ടും വധഭീഷണി മുഴക്കി രംഗത്തുവന്നത് സിപിഎം സമുന്നത നേതാക്കളുടെ അറിവോടെയാണ്. ടിപി ചന്ദ്രശേഖരനെ കൊല്ലുന്നതിനു മുൻപും സമാനമായ ഭീഷണികൾ ഉയർന്നിരുന്നു. അന്നു കുലംകുത്തിയെന്ന് വിളിച്ച് ഭീഷണി മുഴക്കിയ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്. ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികളായ ടികെ രജീഷ്, ഷാഫി, സിജിത്ത്, ട്രൗസർ മനോജ് എന്നിവർക്ക് ശിക്ഷായിളവു നൽകാൻ നടത്തിയ നീക്കത്തിനൊടുവിൽ ഇരകളായത് മൂന്ന് ജയിലുദ്യോഗസ്ഥരാണ്. എന്നാൽ, ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് ഇത്തരമൊരു നീക്കം നടത്താൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒടുങ്ങാത്ത പകയാണ് ഇതിനു പിന്നിലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

കണ്ണൂർ സെൻട്രൽ ജയിലിൽ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ഈ കൊലയാളികൾ കഴിയുന്നത് പാർട്ടിയുടെയും സർക്കാരിന്റെയും ഊറ്റമായ പിന്തുണയോടെയാണ്. ജയിൽ ഉദ്യോഗസ്ഥർ ഇവരുടെ പാദസേവകരാണ്. ജയിൽ സൂപ്രണ്ടിനെ മർദിച്ച സംഭവം വരെ ഇവിടെ ഉണ്ടായിട്ടുണ്ട്. ജയിലിൽ കിടന്നുകൊണ്ടാണ് ഇവർ പലിശയ്ക്ക് പണം നല്കുന്നത്. മൊബൈൽ ഫോണും മൊബൈലിൽ സംസാരിക്കാനുള്ള അവകാശവും ഇവർക്കുണ്ട്. പുറം ഗുണ്ടാപ്പണികൾ ഇവർ ഏർപ്പാടാക്കുന്നു. കോഴിക്കോട് രാമനാട്ടുകരയിൽ 5 പേരുടെ മരണത്തിന് ഇടയാക്കിയ സ്വർണം പൊട്ടിക്കൽ സംഭവത്തിനു പിന്നിലും ജയിലിൽ കഴിയുന്ന പാർട്ടി ബന്ധമുള്ള കൊലയാളികളാണ്. ഇവർക്ക് യഥേഷ്ടമാണ് പരോൾ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.