പ്രതിപക്ഷ പാർട്ടികളേയും നേതാക്കളേയും വേട്ടയാടുന്ന കേന്ദ്ര സർക്കാർ നിലപാടിന്റെ ഭാഗമാണ് കരുവന്നൂർ കേസിലെ ഇഡിയുടെ നീക്കം; എം വി ഗോവിന്ദൻ

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളേയും നേതാക്കളേയും വേട്ടയാടുന്ന കേന്ദ്ര സർക്കാർ നിലപാടിന്റെ ഭാഗമാണ് കരുവന്നൂർ കേസിലെ ഇഡിയുടെ നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേസിൽ സിപിഎമ്മിനെ പ്രതിയാക്കാനുള്ള ശ്രമം രാഷട്രീയപ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേസിനെ രാഷട്രീയമായും നിയമപരമായും പാർട്ടി നേരിടും. ഇഡി നടപടിയെ കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവേയുള്ളൂ. ഇഡി ഇതുവരെ പാർട്ടിയെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല. ലോക്കൽ കമ്മറ്റിയോ ബ്രാഞ്ച് കമ്മറ്റിയോ സ്‌ളം വാങ്ങിയാൽ അത് ജില്ല കമ്മറ്റിയുടെ പേരിലാണ് രജിസ്റ്റ് ചെയ്യുക. ഇത് പുതിയ സംഭവമല്ല. അതിന്റെ പേരിൽ പ്രതി ചേർക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം അറിയിച്ചു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിന്റേതുൾപ്പെടെ 29 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കണ്ടുകെട്ടി. തൃശൂർ ജില്ലാ സെക്രട്ടറിയുടെ ഉടമസ്ഥയിലുളള സ്ഥലവും 60 ലക്ഷം രൂപയും ഇതിൽപ്പെടുന്നു. ബാങ്കിൽ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതിൽ അധികവും. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്റെ പേരിലുളള പൊറത്തുശേരി പാർട്ടി കമ്മിറ്റി ഓഫീസിനായുളള സ്ഥലവും കണ്ടുകെട്ടിയതിൽപ്പെടുന്നു.