ബിഹാറിന് പ്രത്യേക പദവി വേണം; പ്രമേയം പാസാക്കി; ജെഡിയു ദേശീയ എക്‌സിക്യുട്ടിവ് യോഗം

ന്യൂഡൽഹി: ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യത്തിൽ ഉറച്ച് ജനതാദൾ യുണൈറ്റഡിന്റെ (ജെഡിയു) ദേശീയ എക്‌സിക്യുട്ടിവ് യോഗം. ഇക്കാര്യം ആവശ്യപ്പെട്ടുള്ള പ്രമേയം യോഗത്തിൽ പാസാക്കി. സാമ്പത്തിക, വികസന അസമത്വം ചൂണ്ടിക്കാട്ടിയാണ് പ്രത്യേക പദവിയെന്ന ബിഹാറിന്റെ ഏറെനാളത്തെ ആവശ്യം മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ഉയർത്തിക്കാട്ടുന്നത്. ബിഹാറിന്റെ വളർച്ചയ്ക്കും സംസ്ഥാനം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനും ഉള്ള സുപ്രധാന നടപടിയാണിതെന്നാണ് അദ്ദേഹം അറിയിച്ചത്. യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യം പുതുതായി ഉണ്ടായതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിഹാറിന്റെ സംവരണ ക്വോട്ട സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പ്രമേയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഈ സംവരണ ക്വോട്ട ഉൾപ്പെടുത്തണമെന്നും ജെഡിയു വ്യക്തമാക്കുന്നു.