സ്റ്റാർലൈനർ പേടകത്തിന്റെ സാങ്കേതിക തകരാർ; ഭൂമിയിലേക്ക് മടങ്ങാനാവാതെ സുനിത വില്യംസും സഹയാത്രികൻ ബുഷ് വിൽമോറും

നാസ: ഇന്ത്യൻ വംശജയായ സുനിത വില്യംസും സഹയാത്രികൻ ബുഷ് വിൽമോറും ഭൂമിയിലേക്ക് മടങ്ങാനാവാതെ ബഹിരാകാശത്ത് കുടുങ്ങിയിട്ട് രണ്ടാഴ്ചയാകുന്നു. സ്റ്റാർലൈനർ പേടകത്തിന്റെ സാങ്കേതിക തകരാറ് കാരണമാണ് ഇവർക്ക് തിരികെ മടങ്ങാൻ കഴിയാത്തത്. ഇവർ കയറിയ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിരിക്കയാണ്. എന്നാൽ, അപകട ഭീഷണി ഇല്ലെന്നാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്.

സ്റ്റാർലൈനർ വിക്ഷേപിച്ചത് ഹീലിയം ടാങ്കുകളിൽ ചോർച്ച വകവയ്ക്കാതെയാണ്. പേടകത്തിലെ ത്രസ്റ്ററുകളിലേക്ക് ഇന്ധനത്തെ തള്ളിവിടുന്നത് ഹീലിയമാണ്. ബഹിരാകാശ നിലയത്തോട് അടുത്തപ്പോൾ ഹീലിയം ചോർച്ച രൂക്ഷമായി. 28 ത്രസ്റ്റർ മോട്ടോറുകളിൽ അഞ്ചെണ്ണം കേടാവുകയും ചെയ്തു. അതിൽ നാലെണ്ണം റീസ്റ്റാർട്ട് ചെയ്തു. ഒന്നിന്റെ തകരാർ പരിഹരിച്ചിട്ടില്ല. ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ട ശേഷം (അൺഡോക്കിംഗ് ) ഏഴ് മണിക്കൂർ മതി സ്റ്റാർലൈനറിന് ഭൂമിയിൽ തിരിച്ചെത്താൻ. അൺഡോക്കിംഗിന് ശേഷം 70 മണിക്കൂറിന് വേണ്ട ഹീലിയം സ്റ്റോക്ക് ഉണ്ടെന്നാണ് നാസ പറയുന്നത്. സ്റ്റാർലൈനറിന്റെ സർവീസ് മൊഡ്യൂളിലാണ് ഹീലിയം ടാങ്കുകളും ത്രസ്റ്ററുകളും.

ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങുന്നതിന് തൊട്ടുമുമ്പ് ഇത് പേടകത്തിൽ നിന്ന് വേർപെട്ട് കത്തിയെരിയും. പിന്നെ ഡേറ്റ കിട്ടില്ല. അതിന് മുമ്പ് തകരാറുകൾ മനസിലാക്കാനാണ് മടക്കയാത്ര നീട്ടുന്നത്. അടിയന്തര ഘട്ടത്തിൽ പേടകത്തിന് ഭൂമിയിലേക്ക് മടങ്ങാൻ സുനിത വില്യംസും ബുഷ് വിൽമോറും ക്ലിയറൻസ് നൽകിയിട്ടുണ്ടെന്നും നാസ വിശദീകരിച്ചു.