കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ ഗവൺമെന്റിനെ വേട്ടയാടുകയാണ്; കെ രാധാകൃഷ്ണൻ

ന്യൂഡൽഹി: കേന്ദ്ര ഏജൻസികൾക്കെതിരെ വിമർശനവുമായി എംപി കെ രാധാകൃഷ്ണൻ. കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ ഗവൺമെന്റിനെ വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവർ സിപിഎമ്മിനെ മാത്രമാണോ ലക്ഷമിടുന്നതെന്ന് കണ്ടറിയണമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ഇടതുപക്ഷത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സഹകരണ മേഖലയിൽ പ്രശ്നങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കൃത്യമായ അന്വേഷണം വേണമെന്ന് നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും കെ രാധാകൃഷ്ണൻ അറിയിച്ചു. ഇത് രാഷ്ട്രീയ പകപോക്കൽ ഉള്ള നീക്കമാണ്. സഹകരണ മേഖലയിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം ഇല്ലാതാക്കാനുള്ള ശ്രമമാണിത്. പിരിക്കുന്ന പൈസ ആർക്കെങ്കിലും കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കുകയല്ല. മറിച്ച് ബാങ്കുകളിൽ നിക്ഷേപിക്കുകയും ആവശ്യത്തിന് എടുക്കുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്. മറ്റൊരു രീതിയിലും ഉണ്ടാക്കിയ പൈസയല്ല അതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർട്ടി ഓഫീസ് ഉണ്ടാക്കാനുള്ള പണമാണത്. അത് ജനങ്ങളുടെ സ്വത്താണ്. ബ്രാഞ്ചിന് വേണ്ടിയുള്ള സ്ഥലവും ജില്ലാ സെക്രട്ടറിയുടെ പേരിലാണ് വാങ്ങുക. ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾ നിയമപരമായി സ്വീകരിക്കും. ഓരോ ആവശ്യങ്ങൾക്കും വ്യത്യസ്ത അക്കൗണ്ടുകൾ എടുക്കാറുണ്ട്. കള്ളപ്പണം ഉണ്ടാക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്ന പാർട്ടിയല്ല സിപിഎമ്മെന്നും കെ രാധാകൃഷ്ണൻ അറിയിച്ചു.