നഗരസഭാ ഭരണം കൈവിട്ടു പോകാനുള്ള സാധ്യതയിലേക്ക് വരെ കാര്യങ്ങളെത്തിച്ചു; ആര്യാ രാജേന്ദ്രനെതിരെ വിമർശനം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയിൽ രൂക്ഷ വിമർശനം. മേയറുടെ പിടിപ്പുകേട് നഗരസഭാ ഭരണം കൈവിട്ടു പോകാനുള്ള സാധ്യതയിലേക്ക് വരെ കാര്യങ്ങളെത്തിച്ചുവെന്ന വിമർശനമാണ് ഉയർന്നിരിക്കുന്നത്.

പാർട്ടിയുടെ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവും കമ്മിറ്റിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മേയർ കെഎസ്ആർടിസി ഡ്രൈവർ യദുവുമായി തർക്കമുണ്ടായ വിഷയത്തിലും വിമർശനം ഉണ്ടായി.

മേയറും എംഎൽഎയും നടത്തിയത് അപക്വമായ ഇടപെടലാണെന്നും തർക്കം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. പൊലീസിന്റെ പ്രവർത്തനം പാർട്ടിക്ക് നാണക്കേടുണ്ടാക്കി. പോലീസിൽ നിയന്ത്രണമില്ലാതായി. ആഭ്യന്തര വകുപ്പിനെതിരെയും കമ്മിറ്റിയിൽ വിമർശനം ഉയർന്നു.