രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു; ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഡൽഹിയിൽ

ന്യൂഡൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം തുടങ്ങിയവയാണ് നടപ്പിലാക്കുന്നത്.

പുതിയ നിയമ പ്രകാരം ആദ്യ കേസ് ഡൽഹിയിലെ കമലാ മാർക്കറ്റ് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 285 അനുസരിച്ച് ഫുട്പാത്ത് കൈയേറി കച്ചവടം നടത്തിയതിന് ഒരു തെരുവ് കച്ചവടക്കാരനെതിരെയാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിലായിരുന്നു ഇയാൾ കച്ചവടം ചെയ്തിരുന്നത്.

പുതിയ നിയമം ഇന്നുമുതൽ നടപ്പാക്കുന്നതിന് മുന്നോടിയായി തെരുവുകളിലും പൊലീസ് സ്റ്റേഷനുകളിലും ജനം കൂടാനിടയുള്ള ഇടങ്ങളിലും നിയമം അറിയിച്ച് പോസ്റ്ററുകൾ പതിച്ചിരുന്നു. രണ്ടാം മോദി സർക്കാരാണ് ഈ നിയമം പാസാക്കിയത്. സാമൂഹിക കാലത്തെ യാഥാർത്ഥ്യങ്ങളും മാറുന്ന കാലത്തെ കുറ്റകൃത്യങ്ങളും കണക്കിലെടുത്താണ് പുതിയ ക്രിമിനൽ നിയമങ്ങളെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.