പ്രതിപക്ഷം ആരെയും ഭയപ്പെടുന്നില്ല; ലോക്‌സഭയിൽ പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രതിപക്ഷം ആരെയും ഭയപ്പെടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സത്യമാണ് തങ്ങളുടെ ആയുധമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭയിൽ പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ചിത്രം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇത് കൂടാതെ ഗുരു നാനാക്കിന്റെ ചിത്രവും ഇസ്ലാം മത ചിഹ്നവും രാഹുൽ ലോക്‌സഭയിൽ പ്രദർശിപ്പിച്ചു. എന്നാൽ രാഹുൽ ഗാന്ധി പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയതിനെ സ്പീക്കർ എതിർത്തു. ഇന്ത്യയെന്ന ആശയത്തെ ബിജെപി ആക്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ബിജെപിയുടെ ആശയത്തെ എതിർക്കുന്നവരെ മുഴുവൻ ആക്രമിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഭരണഘടനക്കെതിരെ തുടർച്ചയായ ആക്രമണമുണ്ടായി. ഭരണഘടനക്കെതിരായ ആക്രമണത്തെ ജനം എതിർത്തു. ദരിദ്രരും ദളിതരും ന്യൂനപക്ഷങ്ങളും രാജ്യത്ത് ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്ത് ഇരിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. ശിവന്റെ അഭയമുദ്രയാണ് കോൺഗ്രസിന്റെ ചിഹ്നം. ദൈവവുമായി പ്രധാനമന്ത്രിക്കു നേരിട്ട് ബന്ധമുണ്ടെന്ന് രാഹുൽ ഗാന്ധി മോദിയെ പരിഹസിക്കുകയും ചെയ്തു.

ഗാന്ധിജിയെ ഉയർത്തെഴുന്നേൽപ്പിച്ചത് ഒരു സിനിമയാണെന്നാണു മോദി പറഞ്ഞത്. ഇതിനെക്കാൾ വലിയ അജ്ഞതയുണ്ടോ. ബിജെപി അംഗങ്ങൾ ഭരണഘടനയെന്ന് പറയുന്നതിൽ സന്തോഷമുണ്ട്. ജനങ്ങളും താനും ആക്രമിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് താൻ ആക്രമിക്കപ്പെട്ടത്. 55 മണിക്കൂർ ഇഡി ചോദ്യം ചെയ്തത് താൻ ആസ്വദിച്ചു. അയോധ്യയിൽ മത്സരിക്കാൻ മോദി ആലോചിച്ചു. എന്നാൽ തോൽക്കുമെന്നു കരുതി പിന്മാറി. രാമക്ഷേത്രം പണിതിട്ടും അയോധ്യയിൽ ബിജെപി തോറ്റു. അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടനത്തിന് അദാനിയും അംബാനിയുമുണ്ടായിരുന്നു. എന്നാൽ അയോധ്യ നിവാസികൾ ഉണ്ടായിരുന്നില്ല. ബിജെപി ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.