തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവി; കെപിസിസിയുടെ അന്വേഷണ സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും

കോട്ടയം: തൃശൂർ, ആലത്തൂർ ലോക്‌സഭാ മണ്ഡലങ്ങളിലെ തോൽവി പഠിക്കാൻ കെപിസിസി നിയോഗിച്ചിരിക്കുന്ന അന്വേഷണ സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. തൃശൂർ മണ്ഡലത്തിലെ മൊഴിയെടുപ്പ് അന്വേഷണ സമിതി പൂർത്തിയാക്കി. അവസാന നിമിഷത്തിലെ സ്ഥാനാർഥി മാറ്റം തിരിച്ചടിയായെന്നാണ് നേതാക്കൾ അന്വേഷണ സമിതി മുൻപാകെ തൃശൂരിലെ പ്രമുഖ നേതാക്കളെല്ലാം മൊഴി നൽകിയത്.

മുരളീധരന് സ്ഥാനാർഥി എന്ന നിലയിൽ ഉയരാൻ കഴിഞ്ഞില്ലെന്ന് നേതാക്കൾ വ്യക്തമാക്കുന്നു. അതേസമയം, താൻ നിരപരാധിയാണെന്നും കെ മുരളീധരന്റെ വിജയത്തിനായി ആത്മാർഥമായാണ് പണിയെടുത്തതെന്നുമാണ് ടി എൻ പ്രതാപൻ അന്വേഷണ സമിതിയ്ക്കു മുൻപാകെ വെളിപ്പെടുത്തിയത്.

താനാകും സ്ഥാനാർഥിയെന്നു കരുതി പ്രചരണം അടക്കം ആരംഭിച്ചിരുന്നു. എന്നാൽ കെ മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതെന്നും പ്രതാപൻ വിശദമാക്കി. പ്രാദേശിക തലത്തിലെ നേതാക്കളും പ്രവർത്തകരും അടക്കം 150 പേരെയാണ് അന്വേഷണ സമിതി കണ്ടത്.

താഴെത്തട്ടിൽ സംഘടനാ ദൗർബല്യങ്ങൾ ശക്തമാണെന്നും ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവർത്തനങ്ങൾ തിരിച്ചടിയായെന്നും ചിലർമൊഴി നൽകിയിട്ടുണ്ട്. ജില്ലാതലത്തിലെ ഏകോപനമില്ലായ്മ വൻതോതിൽ പ്രവർത്തനങ്ങളെ ബാധിച്ചുവെന്നും ചിലർ വ്യക്തമാക്കി.