ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ആയി വീണ്ടും അധികാരമേൽക്കും; തീരുമാനം നിയമസഭാ കക്ഷി യോഗത്തിൽ

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ആയി വീണ്ടും അധികാരമേൽക്കും. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ ആണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ചംപൈ സോറൻ സ്ഥാനം ഒഴിയും. ഹേമന്ത് സോറൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇഡി കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് എൻഫോഴ്സ്മെന്റ് ഹേമന്ത് സോറനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ജനുവരി 20ന് സോറനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ആദ്യം അയച്ച എട്ട് സമൻസും അവഗണിച്ച ശേഷമാണ് സോറൻ 20ന് ഹാജരായത്. ചോദ്യം ചെയ്യലിനായി വീണ്ടും സോറനെ തെരഞ്ഞ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് എട്ട് മണിക്കൂർ 8 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സോറൻ റാഞ്ചിയിലെ വസതിയിലെത്തി. തുടർന്ന് ഇഡി കസ്റ്റഡിയിലായതിനു പിന്നാലെ ഹേമന്ത് സോറൻ രാജി സമർപ്പിക്കുകയായിരുന്നു.