ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷൻ; കേരളത്തിന്റെ ടൂറിസം ആകർഷണങ്ങൾ ക്യൂബൻ അംബാസഡർക്ക് പരിചയപ്പെടുത്തി ടൂറിസം മന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ടൂറിസം ആകർഷണങ്ങൾ ക്യൂബൻ അംബാസഡർ ഇൻ ചാർജ് എബൽ ഡെഷ്പാനിയെയ്ക്ക് പരിചയപ്പെടുത്തി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. നൂതന ടൂറിസം ഉത്പന്നങ്ങളിലൂടെയും പദ്ധതികളിലൂടെയും കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷനായി മാറിക്കഴിഞ്ഞെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി. മാറുന്ന കാലത്തിന്റെ അഭിരുചികൾ തിരിച്ചറിഞ്ഞുകൊണ്ട് നടപ്പാക്കുന്ന പദ്ധതികളാണ് കേരളത്തിലേക്ക് ലോകമെമ്പാടു നിന്നുമുള്ള സഞ്ചാരികളെ ആകർഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമ്പന്നമായ കടൽതീരം, ആകർഷകമായ കായലോരങ്ങൾ, മലയോര പ്രദേശങ്ങൾ എന്നിവയെ കേരളത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. എല്ലാ സീസണിനും അനുയോജ്യമായ പ്രദേശമെന്നതാണ് കേരളത്തെ വേറിട്ടു നിർത്തുന്നത്. സംസ്ഥാനം നടപ്പാക്കിയ ഉത്തരവാദിത്ത ടൂറിസം പദ്ധതിയും അനുഭവവേദ്യ, സുസ്ഥിര കാഴ്ചപ്പാടും സഞ്ചാരികളെ ആകർഷിക്കുന്നു. ആയുർവേദ-വെൽനസ് ടൂറിസം, കാരവൻ കേരള, അഡ്വഞ്ചർ ടൂറിസം എന്നിവയും കേരളത്തിന്റെ ആകർഷണങ്ങളാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള സഞ്ചാരികളുടെ വരവിൽ ക്രമാനുഗതമായ വർധനവാണ് കേരളം രേഖപ്പെടുത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കേരളവുമായുള്ള ടൂറിസം സഹകരണത്തിന് വലിയ പ്രാധാന്യമാണ് ക്യൂബ നൽകുന്നതെന്ന് എബൽ ഡെഷ്പാനിയെ അറിയിച്ചു. കേരളവും ക്യൂബയുമായുള്ള രാഷ്ട്രീയ- സാംസ്‌കാരിക വിനിമയത്തിന് ഏറെ ചരിത്ര പ്രാധാന്യമുണ്ട്. ഈ പങ്കാളിത്തം ടൂറിസം അടക്കമുള്ള മേഖലകളിലൂടെ കൂടുതൽ വ്യാപിപ്പിക്കണം. കേരളത്തിലെ ടൂറിസം പ്രവർത്തനങ്ങൾ വീക്ഷിക്കാറുണ്ട്. പ്രകൃതിഭംഗി, സാംസ്‌കാരികമായ പ്രത്യേകതകൾ, കടൽവിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണങ്ങളിലെ വൈവിധ്യം എന്നിവയാൽ കേരളം ശ്രദ്ധേയമാണ്. കേരളത്തെ പോലെ കടലുമായി ചേർന്നു കിടക്കുന്ന ഭൂപ്രകൃതി കേന്ദ്രീകരിച്ചാണ് ക്യൂബയിലെ ടൂറിസം പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.