സിക്ക വൈറസ്; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്രയിൽ സിക്ക വൈറസ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയത്. രോഗം ബാധിച്ച ഗർഭിണികളെയും, അവരുടെ ഗർഭസ്ഥ ശിശുക്കളെയും പ്രത്യേകം പരിശോധിക്കുകയും, നിരന്തര നിരീക്ഷണം ഉറപ്പാക്കണമെന്നുമാണ് കേന്ദ്രം നൽകിയിരിക്കുന്ന നിർദ്ദേശം.

ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും കൊതുക് മുക്തമാക്കണം, ഇതിനായി നോഡൽ ഓഫീസറെ നിയമിക്കണം, ജനവാസ മേഖലകൾ, ജോലിസ്ഥലങ്ങൾ, സ്‌കൂളുകൾ, നിർമ്മാണ സ്ഥലങ്ങൾ എന്നിവിടങ്ങളിലും കീടങ്ങളെ തുരത്താനും, അണുമുക്തമാക്കാനും നടപടിയെടുക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.