മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം; കരമന ഹരിയോട് വിശദീകരണം തേടി സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയോട് വിശദീകരണം തേടി സിപിഎം. തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം എന്നായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തിൽ ഹരി നടത്തിയ പരാമർശം. തുടർന്ന് മുതലാളി ആരെന്ന് പറയണമെന്ന് യോഗത്തിൽ എം സ്വരാജ് ആവശ്യപ്പെട്ടു. എന്നാൽ, ഈ പേര് പറയാൻ ഹരി തയ്യാറാകാത്തതിനെ തുടർന്നാണ് പാർട്ടിയുടെ നടപടി.

കരമന ഹരിയുടെ പരാമർശം പരിശോധിക്കുമെന്നാണ് എം സ്വരാജ് അറിയിച്ചിരിക്കുന്നത്. ഇന്നലെ നടന്ന കമ്മിറ്റിയിൽ ഹരി പങ്കെടുത്തിരുന്നില്ല. അതേസമയം, മാസപ്പടി ആക്ഷേപത്തിൽ മൗനം പാലിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രിക്കെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നിട്ടുണ്ട്. നഗരസഭയ്‌ക്കെതിരെയും മേയർ ആര്യ രാജേന്ദ്രനെതിരെയും ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉണ്ടായി.